01-100_5215-SS-Hoisa Shigmo.jpg

മുഖമൂടികളാൽ സമൃദ്ധമായ പൗരാണിക കഥാപാത്രങ്ങൾ ഷിഗ്മോ ഉത്സവത്തിന്റെ ഒരു മുഖ്യ ആകർഷണമാണ്


വാച്ച്‌ കെട്ടാതിരിക്കുക എന്ന എന്റെ വളരെക്കാലത്തെ ശീലത്തെ ഗോവ സമർത്ഥിച്ചു. ഒന്നും സമയത്തിനു തുടങ്ങണമെന്ന് നിർബന്ധമില്ല. ബസ്സുകൾ സമയക്രമം പാലിക്കുകയില്ല. എന്തായാലും, കാര്യമായി ഒന്നും നഷ്ടപ്പെടാനോ, വിട്ടുപോകാനോ ഇല്ല. പഞ്ചിമിൽ നിന്ന് പോണ്ട വരെയുള്ള 30 km, ഒരു തിരക്കേറിയ സ്റ്റേറ്റ് ട്രാൻസ്‌പോർട് ബസ്സിന്റെ കമ്പിയിൽ പിടിച്ചു നിന്ന് ഉറങ്ങിയുള്ള ഒന്നര മണിക്കൂർ യാത്ര, വളരെ ഉപകരിച്ചു. ആകർഷകമായ, എന്നാൽ വളരെ വൈകി തുടങ്ങിയ, പോണ്ടയിലെ ഷിഗ്മോ ഉത്സവം കണ്ടുനടക്കാൻ ആ അധിക ഊർജം സഹായകമായി.

ഗോവയിൽ  450 കൊല്ലം നീണ്ടുനിന്ന പോർച്ചുഗീസ് ഭരണത്തിന്റെ സാംസ്കാരിക അനുസ്മരണമായ 'കാർണിവലിന്റെ' ഹിന്ദു പകർപ്പാണ്  ഷിഗ്മോത്സവം. 'ഹിന്ദു കാർണിവൽ' എന്നും അറിയപ്പെടുന്ന ഈ പരമ്പരാഗത ഗ്രാമീണ ഉത്സവം, ഉത്തരേന്ത്യയിൽ ഹോളിയാഘോഷത്തിന്റെ സമയത്തു തന്നെയാണ്  വരുന്നത് . രണ്ടു ആഴ്ചക്കാലമാണ് ആഘോഷം. ശൈത്യത്തിന്റെയും വിളവെടുപ്പുകാലത്തിന്റെയും അവസാനം കുറിച്ച് വസന്തകാലത്തെ പുണരുക എന്നതാണ്  ഈ ഉത്സവത്തിന്റെ പ്രാധാന്യം. അടിസ്ഥാനപരമായി ഒരു ഗ്രാമീണ ഉത്സവമാണെങ്കിലും, കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ, പരമ്പരാഗത സംഗീതത്തെക്കാൾ ജനപ്രിയ ഗാനങ്ങൾക്ക് പ്രാമുഖ്യം കൽപ്പിക്കുന്ന പഞ്ചിം, വാസ്കോ എന്ന പട്ടണങ്ങളിലെ  വിനോദസഞ്ചാര സാധ്യത വർധിപ്പിക്കാനായി സംസ്ഥാന സർക്കാർ നിശ്ചലദൃശ്യങ്ങളടങ്ങിയ ഫ്ലോട്ടുകൾ, മത്സരങ്ങൾ എന്നിവയ്ക്ക് പണം മുടക്കുന്നുണ്ട് . എന്നിട്ടും ഈ ആഘോഷത്തിന് കാർണിവലിന്റെയത്രയും സ്വീകാര്യത ലഭിച്ചിട്ടില്ല. ഇതിനു കാരണം നാട്ടുകാർ പറയുന്നതു ഇതാണ് - സവിശേഷമായ പാശ്ചാത്യ രുചിയുള്ള കാർണിവലിനെയാണ് ഗോവയിലുള്ള വിദേശ വിനോദസഞ്ചാരികളുടെ ഇടയിൽ കൂടുതൽ പ്രചരിപ്പിച്ചിരിക്കുന്നത് . പക്ഷെ ഇതൊന്നും നാട്ടുകാരെ സാരമായി ബാധിക്കുന്നില്ല: ഷിഗ്മോ പ്രതിധ്വനിക്കുന്നതു ഒരു പ്രധാന വാർഷികാഘോഷത്തിന്റെ ഗഹനമായ തനത്  ആചരണത്തിനെയാണ്. ലളിതമായി പറഞ്ഞാൽ, ഇതു അവരുടെ ഉപജീവനത്തിന്റെ ഒരു സാംസ്കാരിക പശ്ചാത്തലമാണ് . അതെല്ലാം ഒരു വേള നല്ലതിനായിരുന്നു. കാർണിവലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഷിഗ്മോയുടെ ഘോഷയാത്രയും അതിന്റെ ഘടകങ്ങളും - ഫ്ലോട്ടുകൾക്കുപരി വേഷങ്ങൾ, കർഷികോപകരണങ്ങൾ, സംഗീതോപകരണങ്ങൾ, പിന്നെ നൃത്യങ്ങൾ - മുഖ്യമായും തദ്ദേശീയമായി, വാണിജ്യ മുതൽമുടക്കില്ലാതെ നിലനിൽക്കുന്നു. അങ്ങനെ ഷിഗ്മോ ഗ്രാമീണതയിൽ വേരൂന്നിയ ഒരു വ്യക്‌തിത്വം നിലനിറുത്തിയിരിക്കുന്നു, ഒരു വിലക്കുകളില്ലാത്ത ആഘോഷത്തിന്റെ ആവിഷ്കരണം, ബാഹ്യനിയന്ത്രണങ്ങളിൽ നിന്നും സ്വതന്ത്രം. മാത്രമല്ല, കാർണിവലിൽ സ്ത്രീകൾ ബിയർ ബ്രാൻഡുകൾ, ഫാസ്റ്റ് ഫുഡ്, പോപ്പ് നൃത്യങ്ങൾ എന്നിവയുടെ മുഖമായി  മാറുമ്പോൾ, ഷിഗ്മോയിൽ പുരുഷന്മാർ മാത്രമേ പങ്കെടുക്കുകയുള്ളു.


02-100_5232-SS-Hoisa Shigmo.jpg

എല്ലാ പ്രായത്തിലുള്ള പുരുഷന്മാർ പങ്കെടുക്കുന്നു. ഓരോ അവതരണ സംഘത്തിനെയും വടികൾ ഏന്തുന്നതിലും, താളത്തിനൊത്തു അണിചേർന്നു നടക്കുന്നതിലും ഉള്ള മികവിലാണ് വിലയിരുത്തുക


രസകരമായ ഒരു കാര്യം, പോണ്ടയിലെ ഷിഗ്മോയിൽ ഈ വർഷത്തെ ഒരേയൊരു 'ഗ്ലാമർ' പ്രാതിനിധ്യം, തഷൻ എന്ന ഹിന്ദി ചലച്ചിത്രത്തിലെ കരീന കപൂറിന്റെ രൂപത്തിലായിരുന്നു - ഒരു ഇറക്കം കുറഞ്ഞ ചുവന്ന കുപ്പായത്തിനാലും, ഒരു സ്വർണവർണത്തിലുള്ള വിഗ്ഗിനാലും പൂർണം. അതൊരു മധ്യവയസ്കൻ ആയിരുന്നു.


03-100_5186-SS-Hoisa Shigmo.jpg

തഷൻ എന്ന ചലച്ചിത്രത്തെ ഓർമിപ്പിച്ചു ഒരു കരീന കപൂറും. മറ്റു രണ്ടുപേർ വനങ്ങളിലെ ആദിവാസിജീവിതത്തെ പ്രതിനിധീകരിക്കുന്നു.


കാഹളം മുഴങ്ങുന്നു

ധാരാളം അമ്പലങ്ങൾക്കും സുഗന്ധവ്യഞ്‌നതോട്ടങ്ങൾക്കും അറിയപ്പെടുന്ന ഗോവൻ ഗ്രാമമായ പോണ്ട ഇന്ന്  വളരെ തിരക്കിലാണ് . അൽമേട സ്കൂളിന് സമീപമുള്ള തെരുവുമൂലയിൽ പ്രസന്നമായ കോലാഹലങ്ങൾ കാണപ്പെടുന്നു - ഘോഷയാത്രയിലെ നൃത്തങ്ങൾക്കും പ്രച്ഛന്നവേഷ മത്സരങ്ങൾക്കും  അണിഞ്ഞു ഒരുങ്ങന്നതിന്റെ തിരക്കിലാണ് ഗ്രാമീണർ. ചുളിവില്ലാത്ത വെളുത്ത കുർത്ത പൈജാമകൾ ധരിക്കുന്നു, കടും ഓറഞ്ച് നിറത്തിലുള്ള തലപ്പാവുകൾ വൈദഗ്ധ്യതയോടെ ചെറുപ്പവും പ്രായാധിക്യവുമുള്ള ശിരസ്സുകളിൽ ഒരുപോലെ കെട്ടുന്നു. വർണശബളമായ കൊടികൾ പ്രതീക്ഷയുളവാക്കുന്ന സായാഹ്നകാറ്റിൽ അലസമായി ഇളകുന്നു.


04-100_5165-SS-Hoisa Shigmo.jpg

സ്ത്രീവേഷം ധരിച്ച ഒരു പുരുഷൻ ഒരു ചെറിയ ആൺകുട്ടിയുടെ തലയിൽ തലപ്പാവ് കെട്ടുന്നു. ഗോവയുടെ ഹിന്ദു കാർണിവൽ  ഷിഗ്മോ പുരുഷന്മാർക്കു മാത്രമായുള്ള ഒരു ആഘോഷമാണ്


മാണ്ട്  എന്നറിയപ്പെടുന്ന പവിത്രമായ മുറ്റത്തോ അല്ലെങ്കിൽ മണ്ഡപത്തിലോ ഗ്രാമദേവതകൾക്കു (ഇവിടെ അത് പരമശിവനാണ് ) സ്തുതിചൊല്ലിയാണു ആഘോഷം തുടങ്ങുന്നത്. ഇതിനുശേഷം പരമ്പരാഗതമായ വാദ്യോപകരണങ്ങളായ ഥോൽ (മദ്ദളം), തഷേ (ഇലത്താളം), ഘുമത് (മൺകുടം ഉടുമ്പുംതോലാൽ വരിഞ്ഞു മൂടിയ ഒരു കൊട്ടുവാദ്യം) എന്നിവ കൊട്ടുന്നു. പോലീസ് മുൻനിരയിലെ കാണികളോട് പരസ്പരം കൈകോർക്കാൻ നിർദ്ദേശിക്കുന്നു. ഒരു അസ്‌വൽ-, കൊങ്കണി ഭാഷയിൽ കരടി, വേഷം ധരിച്ച ഒരു പുരുഷൻ ആൾക്കൂട്ടത്തിലൂടെ നൃത്തം ചവിട്ടി പോകുന്നു, അതിനു പുറകെ രണ്ടു ആദിവാസികൾ അവരുടെ ഇലകളും യുദ്ധചായവും അടങ്ങിയ ചമയങ്ങളിൽ. സ്വന്തം മൊബൈൽ ഫോൺ ക്യാമറകളിൽ ഇവരുടെ ദൃശ്യം പകർത്തുന്നതിൽ മുഴുകിയ കാഴ്ച്ചക്കാരോടു അവർ ഇടപഴകുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും പൊതുവായ പുരാണ കഥാപാത്രങ്ങളെക്കൂടാതെ, ഒരു പ്രതീകാത്മകമായ ഡൊണാൾഡ് ഡക്ക്, സായി ബാബ, വ്യാജ വ്രണങ്ങളും തുണിചുറ്റിക്കെട്ടുകളം പിന്നെ ദുർബലമായ വിറയോടും കൂടിയ ഒരു ഭിക്ഷാടകൻ, ഇവരെല്ലാം അവരവരുടെ സ്ഥാനങ്ങളിൽ ഭാവം നടിക്കുന്നു.


05-5166 & 5167 & 5222-SS-Hoisa Shigmo.jpg

ഷിഗ്മോയിൽ  പുരുഷന്മാർ എല്ലാവിധ വേഷങ്ങളിലും പ്രത്യക്ഷപ്പെടും. ഇവിടെ, ശക്തികളിൽ  നിന്നോ ...(ഇടത് ),... ഭയാനകമായ ചലച്ചിത്രങ്ങളിൽ (നടുക്ക് ) നിന്നോ പ്രചോദനം ലഭിച്ചിരിക്കുന്നു! കൂടുതൽ ജനപ്രിയമായ കാർണിവലിൽ നിന്നും വ്യത്യസ്തമായ ഷിഗ്മോ നാട്ടുകാരുടെ സാംസ്കാരിക പശ്ചാത്തലത്തിന്റെ ഒരു ആഘോഷമാണ് (വലത് )


പ്രധാനമായും ഗ്രാമീണരുടെ ഉത്സവമായ ഷിഗ്മോയിൽ മേൽജാതിക്കാർ പങ്കെടുക്കാറില്ല എന്ന് ചരിത്രകാരനായ പ്രജൽ സഖർദണ്ഡേ പറയുന്നു. ഹിന്ദുക്കളുടെ ചാന്ദ്രമാസ പഞ്ചാംഗപ്രകാരം ഗോവയിൽ എല്ലാ വർഷവും ഫെബ്രുവരി/മാർച്ച് മാസങ്ങളിൽ ഇതു കൊണ്ടാടുന്നു.

സൂര്യാസ്‌തമനം ആകാറായി. നിരത്തിന്റെ അങ്ങേയറ്റത്തുനിന്നു നേർത്ത ശബ്ദത്തിൽ ചെണ്ടകൊട്ടു കേൾക്കാം. വിവിധ സമുദായങ്ങളുടെ റോംതാമേൽ എന്നറിയപ്പെടുന്ന ആഘോഷനൃത്തങ്ങൾ തുടങ്ങി. ധങ്കർ എന്ന ആട്ടിടയന്മാരുടെ സമുദായം അവരുടെ കറുപ്പും വെളുപ്പും പച്ചയും നിറത്തിലുള്ള വസ്ത്രങ്ങളിൽ കടന്നു പോകുന്നു. വസ്ത്രങ്ങൾ മാത്രമല്ല, എല്ലാ പ്രകടനസംഘത്തെയും അവർ എങ്ങനെ തങ്ങളുടെ വടികൾ ഏന്തി താളത്തിനൊത്തു നടക്കുന്നു എന്നതും ആസ്പദമാക്കിയാണു വിലയിരുത്തുന്നത്. മുഷാൽ (പഴയകാലത്തു ഗോതമ്പുകുഴയ്ക്കുന്നവർ ) എന്ന സമൂഹസംഘവും, ഘോഡെമോദിനിയും (യുദ്ധവിജയത്തെ സൂചിപ്പിക്കുന്ന കുതിരപ്പടയാളിയുടെ നൃത്തം ) അവരുടെ ഹൃദ്യമായ നിറങ്ങളിലുണ്ട്.


06-5254 &5268-SS-Hoisa Shigmo.jpg

യുദ്ധവിജയത്തെ സൂചിപ്പിക്കുന്ന കുതിരപ്പടയാളിയുടെ നൃത്തമാണു ഘോഡെമോദിനി (ഇടത് ). ഗോവയിലെ ഗ്രാമീണജീവിതത്തെ പ്രദർശിപ്പിക്കുന്നതിന്നായി നാട്ടുകാർ കർഷകരായി വേഷം ധരിച്ചിരിക്കുന്നു (വലത്)


ഒരാൾക്കുപുറകേ ഒരാളായി എല്ലാവരും താളംതെറ്റാതെ പ്രകടനങ്ങൾ അവതരിപ്പിക്കണം. നേർപ്പിച്ച ടാങ് (മധുരപാനീയം) നല്കുകയോ അല്ലെങ്കിൽ വേഗത്തിൽ വെള്ളക്കുപ്പികൾ എറിഞ്ഞുകൊകൊടുക്കുകയോ ചെയ്തുകൊണ്ട് സന്നദ്ധപ്രവർത്തകർ അവർക്കൊപ്പം തന്നെയുണ്ട്. ഓരോ സംഘവും മുന്നോട്ടു നീങ്ങുമ്പോൾ അവർക്കു പുറകെയായി നിരത്തിൽ വെളുത്ത പ്ലാസ്റ്റിക്കിന്റെ ഒരു നിര കാണാം. കാണികൾ മൊരിഞ്ഞ ഭാജിപ്പാവുകൾക്കും (ഗോവൻ വഴിയോരലഘുപലഹാരം) കൊഴുത്ത പാൽചായക്കും വേണ്ടി സമീപിക്കുമ്പോൾ ഭക്ഷണശാലകൾ ഉത്സാഹത്തോടെ കച്ചവടം ചെയ്യുന്നു. കാർഷികജീവിതത്തെയും, പുരാണങ്ങളിലെ ജനപ്രിയമായ രംഗങ്ങളെയും കഥാപാത്രങ്ങളെയും ചിത്രീകരിക്കുന്ന ഭീമാകാരമായ നിശ്ചലദൃശ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഗ്രാമമൈതാനത്തിലേക്കു ഘോഷയാത്ര മുഴുവനായും എത്തിച്ചേർന്നു.


07-100_5206-SS-Hoisa Shigmo.jpg

നാടകീയമായതും വളരെ തിളങ്ങുന്നതുമായ ചമയങ്ങളും നാടൻ മീശകളും വേഷത്തിന്റെ ഭാഗമാണ്


ആഘോഷങ്ങൾ അർധരാത്രിവരെ നീളും. മികച്ച നിശ്ചലദൃശ്യങ്ങൾക്കും വേഷങ്ങൾക്കും സമ്മാനങ്ങൾ നൽകും. പരമ്പരാഗതമായി ഷിഗ്മോ  പ്രത്യേക പ്രാധാന്യത്തോടെയുള്ള ആഘോഷനൃത്തങ്ങളുടെയും സംഗീതത്തിന്റെയും മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ സർക്കാർ "വിനോദസഞ്ചാരികൾക്കായി" കാർണിവലിന്റെതുപോലെ  നിശ്ചലദൃശ്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു, സഖർദണ്ഡേ പറയുന്നു. "ഹിന്ദുസംസ്കാരത്തിന്റെ നിശ്ചലദൃശ്യങ്ങൾ നഗരങ്ങളിൽ കൊണ്ടാടുവാൻ ആവശ്യമുയർന്നു."


08-100_5305-SS-Hoisa Shigmo.jpg

ചായം പൂശിയ നാടൻ പ്രതിമകൾ കലാപ്രകടനങ്ങളെയും  നിശ്ചലദൃശ്യങ്ങളെയും സമ്പൂർണ്ണമാക്കുന്നു.


നാളെ പരിപാടികൾ വടക്കൻ ഗോവയിലെ ബിച്ചോലിമ്മിലേക്കു മാറും.

വസന്തം പടരുന്നു. അത് ഷിഗ്മോയുടെ വർണശബളമായ ആഘോഷങ്ങളിലേറി ഈ സംസ്ഥാനത്തിന്റെ എല്ലാ കോണിലേക്കും യാത്ര ചെയ്യുന്നു.


09-100_5280-SS-Hoisa Shigmo.jpg

ദേവന്മാരെയും ദേവിമാരെയും ചിത്രീകരിച്ച ശോഭയേറിയ നിശ്ചലദൃശ്യങ്ങൾ ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നു. ഷിഗ്മോ ആഘോഷങ്ങൾ സൂര്യാസ്തമനത്തിനു ശേഷം പിന്നെയും തുടരുന്നു


ഈ ലേഖനം CSE ഫെലോഷിപ്പുകൾക്കു വേണ്ടി എഴുതിയതാണ്‌ . ഇതിന്റെ ചിട്ടപ്പെടുത്തിയ പതിപ്പ് 2010 മാർച്ചിലെ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.

Shalini Singh

Shalini Singh is a founding trustee of the CounterMedia Trust that publishes PARI. A journalist based in Delhi, she writes on environment, gender and culture, and was a Nieman fellow for journalism at Harvard University, 2017-2018.

Other stories by Shalini Singh
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.