ഒരു തെറ്റും ചെയ്യാത്ത എന്നെയവൻ തല്ലുന്നു ,
അവന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ
എന്റെ ഇടയൻ എന്നെ കാരണമില്ലാതെ തല്ലുന്നു

ഒരു നാടൻ പാട്ടിന്റെ തുടക്കം‌പോലെ തോന്നിക്കും ആ വരികൾ. എന്നാൽ, ഈ പാട്ട് ഉത്ഭവിക്കുന്ന ഗുജറാത്തിലെ കച്ചിന്റെ അതിർത്തികൾക്കപ്പുറത്തേക്കും നീളുന്ന പൊള്ളുന്ന യാഥാർത്ഥ്യമാണ് ഇത് അവതരിപ്പിക്കുന്നത്. അതാകട്ടെ, കൂടുതൽ ഭീതിദവുമാണ്.

ഭാര്യയെ മർദ്ദിക്കുന്നതടക്കം, ഏറ്റവുമടുത്ത പങ്കാളികൾക്കുനേരെ നടക്കുന്ന അക്രമം ഇന്നൊരു ആഗോളപ്രതിഭാസമാണ്. സ്ത്രീകളുടെ മനുഷ്യാവകാശലംഘനം എന്ന നിലയ്ക്കും, പൊതുജനാരോഗ്യവിഷയം എന്ന നിലയ്ക്കും. മൂന്നിൽ ഒരു സ്ത്രീയ്ക്ക് തന്റെ പങ്കാളിയിൽനിന്ന് ശാരീരികവും ലൈംഗികവുമായ അക്രമങ്ങൾ അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന്, സ്ത്രീകൾക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള യു.എൻ. ഗ്ലോബൽ ഡേറ്റാബേസിൽ നിന്ന് കാണാൻ കഴിയും.

തന്റെ ഭാര്യയെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു ഭർത്താവിനെ ന്യായീകരിക്കാനാകുമോ ?

2019-21-ലെ ദേശീയ കുടുംബ-ആരോഗ്യ സർവേയിൽ ( എൻ.എഫ്.എച്ച്.എസ്-5 ) പങ്കെടുത്ത ഗുജറാത്തിലെ സ്ത്രീകളിൽ 30 ശതമാനവും, പുരുഷന്മാരിൽ 28 ശതമാനവും പറഞ്ഞത്, അതിൽ തെറ്റില്ല എന്നായിരുന്നു. ഭാ‍ര്യമാരെ തല്ലുന്നതിനുള്ള ന്യായമായി, സർവേയിൽ പ്രതികരിച്ചവർ ചൂണ്ടിക്കാട്ടിയത് വിവിധ കാരണങ്ങളായിരുന്നു. ഭർത്താവിനെ വഞ്ചിക്കുക, തർക്കിക്കുക, ലൈംഗികബന്ധത്തിന് വിസമ്മതിക്കുക, ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്ത് പോവുക, വീട്ടുകാര്യങ്ങളിൽ അലംഭാവം കാണിക്കുക, രുചികരമായ ഭക്ഷണം പാചകം ചെയ്യാതിരിക്കുക തുടങ്ങി ഒരുപാട് കാരണങ്ങൾ.

ദേശീയ സ്ഥിതിവിവര സർവേപോലെത്തന്നെ, എന്നാൽ കുറേക്കൂടി ഭംഗിയായി, നാടൻ പാട്ടുകൾ, നമുക്ക് ഒരു മനശ്ശാസ്ത്ര സർവേ അവതരിപ്പിച്ചുതരുന്നുണ്ട്. സ്ത്രീകളുടെ ആന്തരികലോകത്തിന്റെ സങ്കീർണ്ണമായ വികാരവിചാരങ്ങളും അവരുടെ സമൂഹത്തിന്റെ പ്രവർത്തനരീതിയും പ്രതിഫലിക്കുന്ന ഒരു സർവേ എന്ന് പറയാം.

ചൂഷിതരുടെ വിഭവങ്ങളെന്ന് നിങ്ങൾക്ക് ഈ പാട്ടുകളെ വിളിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്യാം. ഉദാഹരണത്തിന് ഇവിടെ ആ സ്ത്രീ പ്രണയ ഈണത്തിന്റെ പ്രച്ഛന്നവേഷത്തിൽ, അഥവാ, പരമ്പരാഗതമായ വൃത്തത്തിൽ ഒരു കള്ളക്കഥ സന്നിവേശിപ്പിച്ചതാണോ എന്ന് നമുക്ക് ഉറപ്പില്ല. ഭർത്താവിനെ ആദരപൂർവ്വം അവർ സംബോധന ചെയ്യുന്നതിന്റെ ഉള്ളിൽ, അവരുടെ ഒരു ചെറുത്തുനിൽ‌പ്പിനെ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്നും നമുക്കറിയില്ല.

സ്ത്രീകൾക്ക് നീതി ലഭിക്കാനോ, നിലവിലുള്ള അധീശത്വ ഘടനകളെ ഇളക്കാനോ ഈ പാട്ടിന് ശക്തിയുണ്ടാവണമെന്നില്ല. എന്നാൽ ദൈനംദിന ജീവിതത്തിന്റെ ഭീകരമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള ഒരു ഇടം ഇത്തരം പാട്ടുകൾ അവൾക്ക് നൽകുന്നുണ്ട്. മറ്റാരുമായും പങ്കുവെക്കാനാവാത്ത, ഘനീഭവിച്ച വേദനകളെ പാട്ടിന്റെ ശക്തവും, തെളിഞ്ഞതുമായ ഒഴുക്കിലൂടെ അവർ ഇല്ലായ്മ ചെയ്യുന്നുണ്ടാവാം. ജീവിതത്തിലെ അസഹനീയമായ സത്യങ്ങളെ മറച്ചുപിടിച്ച്, ഘടനാപരമായ ഒരു പിന്തുണയും തരാത്ത ഒരു സമൂഹത്തിൽ ഒരുദിവസമെങ്കിൽ ഒരുദിവസം കൂടി ജീവിതം തള്ളിനീക്കാനുള്ള ശക്തി അവർ നേടുന്നത്, ഒരുപക്ഷേ പരിചിതമായ ഒരു ഈണത്തിന്റെ ഊഷ്മളതയിലും പരിചിതത്വത്തിലും നിന്നാവാം.

ജുമ വാഘെർ പാട്ട് പാടുന്നത് കേൾക്കാം

કરછી

રે ગુનો જો મારે મૂ મે ખોટા વેમ ધારે,
મુંજા માલધારી રાણા મૂકે રે ગુનો જો મારે

રે ગુનો જો મારે મૂ મે ખોટા વેમ ધારે,
મુંજા માલધારી રાણા મૂકે રે ગુનો જો મારે

કડલા પૅરીયા ત છોરો આડી નજર નારે (૨),
આડી નજર નારે મૂ મેં વેમ ખોટો ધારે
મૂજો માલધારી રાણૂ મૂકે રે ગુનો જો મારે (2)
રે ગુનો જો મારે મૂ મેં ખોટા વેમ ધારે
મૂજો માલધારી રાણૂ મૂકે રે ગુનો જો મારે

બંગલી પૅરીયા ત મૂંજે હથેં સામૂં  નારે (૨)
હથેં સામૂં નારે મૂ મેં વેમ ખોટો ધારે
રે ગુનો જો મારે મૂ મેં ખોટા વેમ ધારે
મૂજો માલધારી રાણૂ મૂકે રે ગુનો જો મારે
માલધારી રાણા મૂકે રે ગુનો જો મારે (2)
રે ગુનો જો મારે મૂ મેં ખોટા વેમ ધારે
મૂજો માલધારી રાણૂ મૂકે રે ગુનો જો મારે

હારલો પૅરીયા ત મૂંજે મોં કે સામૂં નારે (૨)
મોં કે સામૂં નારે મૂ મેં ખોટા વેમ ધારે,
રે ગુનો જો મારે મૂ મેં ખોટા વેમ ધારે
મૂજો માલધારી રાણૂ મૂકે રે ગુનો જો મારે (2)
રે ગુનો જો મારે મૂ મેં વેમ ખોટો ધારે,
મૂજો માલધારી રાણૂ મૂકે રે ગુનો જો મારે

નથડી પૅરીયા ત મૂંજે મોં કે સામૂં નારે (૨)
મોં કે સામૂં નારે મૂ મેં વેમ ખોટો ધારે,
મૂજા માલધારી રાણૂ મૂકે રે ગુનો જો મારે (2)
રે ગુનો જો મારે મૂ મેં વેમ ખોટો ધારે,
માલધારી રાણૂ મૂકે રે ગુનો જો મારે

മലയാളം

ഒരു കാരണവുമില്ലാതെ എന്നെയവൻ തല്ലുന്നു
അവന്റെ മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ
ഒരു തെറ്റും ചെയ്യാത്ത എന്നെ
എന്റെ ഇടയൻ തല്ലുന്നു

ഒരു കാരണവുമില്ലാതെ എന്നെയവൻ തല്ലുന്നു
അവന്റെ മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ
ഒരു തെറ്റും ചെയ്യാത്ത എന്നെ
എന്റെ ഇടയൻ തല്ലുന്നു

ഞാൻ പാദസരമിട്ടാൽ
അവൻ മുഖം കൂർപ്പിക്കുന്നു,
എന്നെ തുറിച്ചുനോക്കുന്നു
ഇങ്ങനെ തുറിച്ചുനോക്കിക്കൊണ്ടേയിരിക്കുന്നു
മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ
അവനെന്നെ വിശ്വാസമില്ല, എന്റെ ഇടയന്
ഒരു കാരണവുമില്ലാതെ എന്നെയവൻ തല്ലുന്നു
അവന്റെ മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ

ഞാൻ വളകളിട്ടാൽ
അവൻ മുഖം കൂർപ്പിക്കുന്നു,
എന്റെ കൈകളിലേക്ക് തുറിച്ചുനോക്കുന്നു
കൈകളിലേക്ക് ഇങ്ങനെ തുറിച്ചുനോക്കുന്നു
മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ
അവനെന്നെ വിശ്വാസമില്ല, എന്റെ ഇടയന്
ഒരു കാരണവുമില്ലാതെ എന്നെയവൻ തല്ലുന്നു
അവന്റെ മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ

ഞാൻ മാലയിട്ടാൽ
അവൻ മുഖം കൂർപ്പിക്കുന്നു,
മുഖത്തേക്ക് തുറിച്ചുനോക്കുന്നു
ഇങ്ങനെ തുറിച്ചുനോക്കുന്നു
മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ
അവനെന്നെ വിശ്വാസമില്ല, എന്റെ ഇടയന്
ഒരു കാരണവുമില്ലാതെ എന്നെയവൻ തല്ലുന്നു
അവന്റെ മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ

വള്ളിയുള്ള മൂക്കുത്തിയിട്ടാൽ
അവൻ മുഖം കൂർപ്പിക്കുന്നു,
മുഖത്തേക്ക് തുറിച്ചുനോക്കുന്നു
ഇങ്ങനെ തുറിച്ചുനോക്കുന്നു
മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ
അവനെന്നെ വിശ്വാസമില്ല, എന്റെ നാഥന്
ഒരു കാരണവുമില്ലാതെ എന്നെയവൻ തല്ലുന്നു
അവന്റെ മനസ്സിൽ സംശയങ്ങളുടെ വിത്തുകൾ

പാട്ടിന്റെ ഇനം : പരമ്പരാഗത നാടൻപാട്ട്

ഗണം : ഉണർത്തുപാട്ട്

ഗാനം : 14

പാട്ടിന്റെ ശീർഷകം : മുഝോ മാൽധാരി റാനുമുകേ ജേ ഗുണോ ജോ മാരേ

സംഗീതം : ദേവൽ മേത്ത

ഗായകൻ : മുന്ദ്ര താലൂക്കിലെ ഭദ്രേസർ ഗ്രാമത്തിലെ ജുമ വാഘേർ

സംഗീതോപകരണങ്ങൾ : ഡ്രം, ഹാർമോണിയം, ബാഞ്ജൊ

റിക്കാർഡ് ചെയ്ത വർഷം : 2012, കെ.എം.വി.എസ് സ്റ്റുഡിയോ

സൂർവാണി എന്ന സാമൂഹികാടിസ്ഥാനത്തിലുള്ള റേഡിയോ റിക്കാർഡ് ചെയ്ത ഈ 341 ഗാനങ്ങളും പാരിക്ക് ലഭിച്ചത് , കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് ( കെ . എം . വി . എസ് ). ഈ ശേഖരത്തിലെ മറ്റ് പാട്ടുകൾ കേൾക്കാൻ സന്ദർശിക്കുക: റാനിലെ പാട്ടുകൾ: കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം

പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോ‍ഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി

പരിഭാഷ: രാജീവ് ചേലനാട്ട്

Series Curator : Pratishtha Pandya

Pratishtha Pandya is a Senior Editor at PARI where she leads PARI's creative writing section. She is also a member of the PARIBhasha team and translates and edits stories in Gujarati. Pratishtha is a published poet working in Gujarati and English.

Other stories by Pratishtha Pandya
Illustration : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat