വർഷം 1997.

മുതിർന്ന വനിതകളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബംഗാളും മണിപ്പുരും ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞ മൂന്ന് വാർഷിക ഇന്റർ-സ്റ്റേറ്റ് ടൂർണമെന്റുകളിൽ മണിപ്പുരിനോട് ബംഗാൾ തോറ്റിരുന്നു. എന്നിട്ടും, തങ്ങളുടെ മഞ്ഞയും മെറൂണും നിറമുള്ള ജേഴ്സിയിൽ അവർ തലയുയർത്തിത്തന്നെ നിന്നു. പഞ്ചിമബംഗാളിലെ ഹാൽദിയ സിറ്റിയിലെ ദുർഗ്ഗാച്ചോക്ക് സ്റ്റേഡിയമാകട്ടെ, ബന്ദനാ പോളിന്‍റെ സ്വന്തം തട്ടകമായിരുന്നു.

വിസിൽ മുഴങ്ങി. കളി തുടങ്ങി.

മുൻപ്, ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹാട്രിക്ക് നേടിയ ആളായിരുന്നു 16 വയസ്സുള്ള ആ കളിക്കാരൻ.  അതിൽ ഗോവയെ പശ്ചിമബംഗാൾ തോൽ‌പ്പിച്ചുവെങ്കിലും, പോളിന് കണങ്കാലിൽ മുറിവേറ്റിരുന്നു. “എന്നിട്ടും പഞ്ചാബുമായുള്ള സെമി-ഫൈനലിൽ ഞാൻ കളിച്ചു. നല്ല വേദനയുണ്ടായിരുന്നിട്ടും. ആ ദിവസം ഫൈനൽ‌സായപ്പോഴേക്കും എനിക്ക് നിൽക്കാൻ കൂടി വയ്യാതായി”.

ബെഞ്ചിലിരുന്ന് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണുകയായിരുന്നു പശ്ചിമബംഗാളിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായ പോൾ. കളി കഴിയാൻ ഏതാനും നിമിഷം മാത്രം ബാക്കി. ഇരു ടീമും ഒരു ഗോളും നേടിയിട്ടുമില്ലായിരുന്നു. പശ്ചിമബംഗാളിന്‍റെ കോച്ച് ശാന്തി മല്ലിക് ഒട്ടും സന്തോഷവതിയായിരുന്നില്ല. പോരാത്തതിന് 12,000 ആളുകളിരിക്കുന്ന സ്റ്റേഡിയത്തിൽ അന്ന് കളി കാണാൻ വന്നവരിൽ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും കായികമന്ത്രിയും ഉണ്ടായിരുന്നുതാനും. പോളിനോട് തയ്യാറാവാൻ മല്ലിക് പറഞ്ഞു. “എന്‍റെ അവസ്ഥ നോക്ക്’ എന്ന് ഞാനവളോട് പറഞ്ഞു. പക്ഷേ, ‘നീ എഴുന്നേറ്റാൽ ഒരു ഗോൾ കിട്ടുമെന്ന് എന്‍റെ മനസ്സ് പറയുന്നു’ എന്നായിരുന്നു അവളുടെ മറുപടി”.

അങ്ങിനെ, ഒടുവിൽ, വേദന കുറയ്ക്കാനുള്ള രണ്ട് ഇഞ്ചക്ഷനെടുത്ത് മുറിവിൽ ബാൻ‌ഡേജ് മുറുക്കിക്കെട്ടി, പോൾ തയ്യാറായി ഇരുന്നു. കളി സമനിലയിലായപ്പോൾ എക്സ്ട്രാ സമയം കൊടുത്തു. സുവർണ്ണ ഗോളിനുള്ള അവസരം. ആദ്യം ഗോളടിക്കുന്നവർ വിജയിക്കുമെന്ന അവസ്ഥ

ക്രോസ്സ്ബാർ ലക്ഷ്യമാക്കി ഞാൻ അടിച്ചു. പന്ത് വലതുഭാഗത്തേക്ക് കറങ്ങി. ഗോളി ചാടിയെങ്കിലും പന്ത് അവളെയും കടന്ന് വലയിൽ വീണു.”

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : ബന്ദനാ പോൾ ആയി ഫുട്ബോൾ കളിക്കുന്ന ബോണി പോളിന്‍റെ ആദ്യചിത്രങ്ങളിൽ ഒന്ന് . ആനന്ദ ബസാർ പത്രികയുടെ 2012 ഡിസംബർ 2- ലെ സ്പോർട്ട്സ് സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചതാണ് ഈ ചിത്രം . വലത്ത് : 1998- ലെ ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിന് ബന്ദനയ്ക്ക് എ . . എഫ് . എഫിൽനിന്ന് ലഭിച്ച പ്രശംസാപത്രം

ഈ ഭാഗത്തുവെച്ച്, ഒരു നല്ല കഥ പറച്ചിൽകാരിയെപ്പോലെ പോൾ ഒന്ന് നിർത്തി. “മുറിവേറ്റ കാൽകൊണ്ടാണ് ഞാനടിച്ചത്, ഗോളി എത്ര ഉയരമുള്ള ആളായാലും ശരി, ക്രോസ്സ്ബാർ ഷോട്ടുകൾ രക്ഷിക്കാൻ ബുദ്ധിമുട്ടാണ്. ഗോൾഡൻ ഗോൾ ഞാൻ നേടി”, ചിരിച്ചുകൊണ്ട് അവർ പറയുന്നു.

ആ കളി നടന്നിട്ട് ഇപ്പോൾ കാൽ നൂറ്റാണ്ടായിരിക്കുന്നു. ഇപ്പോഴും ആ കഥ പറയുമ്പോൾ 41 വയസ്സുള്ള പോളിന് അഭിമാനം. ഒരു വർഷത്തിനുശേഷം ദേശീയ ടീമിൽ പോൾ ചേർന്നു. 1998-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ പോകാനുള്ള സമയമായിരുന്നു

പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ ഇച്ഛാപുർ ഗ്രാമത്തിലെ ഈ പന്തുകളിക്കാരിയുടെ അതുവരെയുള്ള ജീവിതം ഒരു സ്വപ്നത്തിനുപിറകേയുള്ള ഓട്ടമായിരുന്നു. “എന്‍റെ മുത്തശ്ശി ഫൈനൽ‌സിന്‍റെ കമന്ററി റേഡിയോയിൽ കേൾക്കുന്നുണ്ടായിരുന്നു. ഫൈനൽസുവരെ എത്തിയവരാരും എന്‍റെ കുടുംബത്തിൽ ഇതിനുമുമ്പുണ്ടായിട്ടില്ല. എല്ലാവർക്കും എന്നെക്കുറിച്ച് അഭിമാനമായിരുന്നു”.

പോളിന് ചെറുപ്പമായിരുന്നപ്പോൾ ഏഴുപേരടങ്ങിയ കുടുംബം ഗായ്ഘട്ട ബ്ലോക്കിലുള്ള ഇച്ഛാപുർ ഗ്രാമത്തിലെ വീട്ടിലായിരുന്നു താമസം സ്വന്തമായുണ്ടായിരുന്ന രണ്ടേക്കർ ഭൂമിയിൽ അവർ നെല്ലും, കടുകും, ഗ്രീൻ പീസും ചീരയും ഗോതമ്പും കൃഷിചെയ്തിരുന്നു. ആ ഭൂമിയുടെ ചില ഭാഗങ്ങൾ ഇപ്പോൾ കുടുംബാംഗങ്ങൾക്കിടയിൽ വീതിക്കപ്പെട്ടിരിക്കുന്നു.

“എന്‍റെ അച്ഛൻ ഒരു തയ്യൽക്കാരനായിരുന്നു. തയ്യലും അലങ്കാരപ്പണിയും (എംബ്രോയ്ഡറി) ചെയ്ത് അമ്മയും അച്ഛനെ സഹായിച്ചിരുന്നു. അതുകൂടാതെ, അമ്മ, തലപ്പാവുകളും രാഖിയും അങ്ങിനെ മറ്റ് ചിലതും ഉണ്ടാക്കുമായിരുന്നു. കുട്ടിക്കാലം മുതലേ ഞങ്ങൾ ഭൂമിയിൽ പണിയെടുത്തുതുടങ്ങി”. ഏതാണ്ട് 70 കോഴികളേയും 15 ആടുകളേയും നോക്കുകയായിരുന്നു കുട്ടികളുടെ പ്രധാന ചുമതല. സ്കൂളിൽ പോവുന്നതിനുമുൻപും വന്നതിനുശേഷവും അവയ്ക്കുള്ള പുല്ലും അരിയണം.

ഇച്ഛാപുർ ഹൈസ്കൂളിൽനിന്ന് പോൾ പത്താം ക്ലാസ്സ് പൂർത്തിയാക്കി. “പെൺകുട്ടികളുടെ ഫുട്‌ബോൾ ടീം ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്കൂളിലെ ആൺകുട്ടികളുടെ കൂടെ ഞാൻ കളിച്ചു”, പണ്ടത്തെ ആ  പന്തുകളിക്കാരി പറയുന്നു. അതിനിടയിൽ അവൾ പോയി ഒരു ബബ്ലൂസ് നാരങ്ങ കൊണ്ടുവന്നു. “ഞങ്ങൾ ഇതിനെ ബത്താബി , അല്ലെങ്കിൽ ജംബുര എന്നാണ് വിളിക്കുക. ഫുട്ബോൾ വാങ്ങാനുള്ള പണമൊന്നുമില്ലാത്തതിനാൽ, മരത്തിൽനിന്ന് ഈ കായ പറിച്ചെടുത്ത് അതുവെച്ച് ഞങ്ങൾ കളിക്കും”, പോൾ പറയുന്നു. “അങ്ങിനെയാണ് ഞാൻ തുടങ്ങിയത്”.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : കുടുംബവീടിന്‍റെ മുകൾനിലയിലെ മുറി പങ്കിടുന്ന ബോണിയും സ്വാതിയും . വലത്ത് : ഫുട്ബോൾ വാങ്ങാനുള്ള ശേഷി കുടുംബത്തിൽ ഇല്ലാതിരുന്നതിനാൽ പന്തിനുപകരം ബോണി കളിച്ചിരുന്ന ബബ്ലൂസ് നാരങ്ങ . ഫോട്ടോയിൽ വലതുഭാഗത്തുള്ളത് , പരിശീലനത്തിന് ഉപയോഗിക്കുന്ന ഷൂസുകൾ

അങ്ങിനെയിരിക്കേ ഒരുദിവസം, ബുച്ചു ദാ (ജ്യേഷ്ഠൻ) എന്ന പേരിൽ എന്നറിയപ്പെടുന്ന സിദ്നാഥ് ദാസ് എന്ന ആൾ ആ പന്ത്രണ്ട് വയസ്സുകാരിയുടെ കളി കാ‍ണാനിടയാവുകയും അടുത്തുള്ള ബരാസാത്ത് പട്ടണത്തിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങളെക്കുറിച്ച് അവളോട് പറയുകയും ചെയ്തു. അവൾ അത് അന്വേഷിച്ച് കണ്ടെത്തി, ബരാസാത്ത് ജുബക്ക് സംഘ ക്ലബ്ബ് ടീമിൽ കയറിക്കൂടി. അവരോടൊപ്പമുള്ള ചില കളികളിൽ മെച്ചപ്പെട്ട തുടക്കം കാഴ്ചവെച്ച പോളിനെ പിന്നീട് കൊൽക്കൊത്തയിലെ ഇതിക മെമ്മോറിയൻ എന്ന ക്ലബ്ബ് ഏറ്റെടുത്തു. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

1998-ലെ ഏഷ്യൻ ഗെയിംസിൽ ദേശീയ ടീമിലേക്ക് പോളിന് പ്രവേശനം ലഭിച്ചു. പാസ്പോർട്ടും വിസ അപ്ലിക്കേഷനുമൊക്കെ തയ്യാറാക്കുകയായിരുന്നു. “പോകാൻ തയ്യാറെടുത്ത് ഞങ്ങൾ എയർപോർട്ടിലായിരുന്നു. പക്ഷേ അവരെന്നെ തിരിച്ചയച്ചു”. പോൾ ഓർത്തെടുക്കുന്നു.

ഏഷ്യൻ ഗെയിംസിനുള്ള പരിശീലനക്കാലത്ത്, ഒരുമിച്ചുണ്ടായിരുന്ന മണിപ്പുർ, പഞ്ചാബ്, കേരള, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള കളിക്കാർ പോളിന്‍റെ കളി ശ്രദ്ധിച്ചിരുന്നു. പോളിന്‍റെ ലിംഗസ്വത്വത്തെക്കുറിച്ച് അവർക്ക് ചില സംശയങ്ങൾ തോന്നുകയും അവരുടെ പരിശീലകരെ അറിയിക്കുകയും ചെയ്തു. വിഷയം അധികം വൈകാതെ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ (എ.ഐ.എഫ്.എഫ്) എത്തി.

“ഒരു ക്രോമോസം ടെസ്റ്റ് നടത്താൻ എന്നോട് ആവശ്യപ്പെട്ടു. അക്കാലത്ത്, അത് ബോംബെയിലോ ബാംഗ്ലൂരിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ”, പോൾ പറയുന്നു. കൊൽക്കൊത്തയിലെ സ്പോർട്ട്സ് ഒഥോറിറ്റി ഓഫ് ഇന്ത്യ (സായ്) രക്തം മുംബയിലേക്ക് അയച്ചു. “ഒന്നരമാസത്തിനുശേഷം റിപ്പോർട്ട് വന്നു. കാരിയോടൈപ്പ് എന്ന് പേരുള്ള പരിശോധനയിൽ എന്റേത് ‘46 XY’ എന്നാണെന്ന് കണ്ടു. സ്ത്രീകൾക്ക് ’46 XX’ എന്നായിരിക്കും കാണുക. കളിക്കാൻ പറ്റില്ലെന്ന് ഡോക്ടർ ഔദ്യോഗികമായി അറിയിച്ചു”. പോൾ പറഞ്ഞു.

വളർന്നുവരുന്ന ആ ഫുട്‌ബോൾ താരത്തിന് 17 വയസ്സേ ആയിരുന്നുള്ളു. പക്ഷേ കാൽ‌പ്പന്തുകളിയിലെ ഭാവി ഇപ്പോൾ തുലാസ്സിലായി

PHOTO • Riya Behl

2019 ജൂലായ് 19- ന് ആജ്കൽ സിലിഗുരിയിൽ വെച്ച് സിലിഗുരി സബ് ഡിവിഷൻ സ്പോർട്ട്സ് കൌൺസിൽ സെക്രട്ടറിക്ക് തന്‍റെ ബയോഡേറ്റ നൽകുന്ന ബോണി

സ്ത്രീ-പുരുഷ ശരീരങ്ങൾക്ക് ജന്മനായുള്ള, വൈദ്യശാസ്ത്രപരമോ സാമൂഹികമോ ആയ ലൈംഗികസ്വഭാവങ്ങളില്ലാത്തവരാണ് ദ്വിലിംഗവ്യക്തികൾ, അഥവാ, ദ്വിലിംഗ വ്യതിയാനങ്ങളുള്ള വ്യക്തികൾ. ഈ വ്യതിയാനങ്ങൾ ആന്തരികമോ ബാഹ്യമോ ആയ പ്രത്യുത്പാദന അവയവങ്ങളിലോ ക്രോമോസമുകളുടേയോ ഹോർമോണുകളുടേയോ രൂപകല്പനയിലോ ആവാം. ജന്മനാ കാണപ്പെടുന്നതോ ചിലപ്പോൾ ജീവിതത്തിൽ പിന്നീട് പ്രത്യക്ഷപ്പെടുന്നതോ വ്യതിയാനവുമാകാം ഈ പ്രത്യേകതകൾ

***

“എനിക്ക് ഒരു ഗർഭപാത്രവും അണ്ഡാശയവും ഉള്ളിൽ ഒരു ലിംഗവും ഉണ്ടായിരുന്നു. പ്രത്യുത്പാദനത്തിന്‍റെ ഇരുഭാഗങ്ങളും”, മുൻ കളിക്കരൻ പറയുന്നു. ഒറ്റരാത്രി കൊണ്ട്, ഈ കളിക്കാരന്‍റെ ലിംഗസ്വത്വത്തെ ഫുട്ബോൾ സമൂഹവും മാധ്യമങ്ങളും സ്വന്തം കുടുംബവും ചോദ്യം ചെയ്യാൻ തുടങ്ങി.

“അക്കാലത്ത്, ആർക്കും ഇതിനെക്കുറിച്ച് മനസ്സിലാവുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഇപ്പോൾ മാത്രമാണ് ആളുകൾ തുറന്ന് സംസാരിക്കുകയും എൽ.ജി.ബി.ടി.ക്യു. വിഷയങ്ങൾ ശ്രദ്ധ നേടുകയും ചെയ്യുന്നത്”, പോൾ പറയുന്നു

പോൾ ഒരു ദ്വിലിംഗ വ്യക്തിയാണ്. എൽ.ജി.ബി.ടി.ക്യു.ഐ.എ. പ്ലസ് സമൂഹത്തിലെ (LGBTQIA+ community) ‘ഐ’ എന്ന അക്ഷരത്തിൽ‌പ്പെടുന്ന വിഭാഗം. ബോണി പോൾ എന്ന പേരിലാണ് അയാളിന്ന് അറിയപ്പെടുന്നത്. “ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗത്തും എന്‍റെ അതേ ശാരീരികാവസ്ഥകളുള്ളവർ ഉണ്ട്. അത്‌ലറ്റ്സ്, ടെന്നീസ് കളിക്കാർ, കാൽ‌പ്പന്തുകളിക്കാർ, അങ്ങിനെ നിരവധിയാളുകൾ”, പുരുഷനായി സ്വയം വിലയിരുത്തുന്ന ബോണി പറയുന്നു. തന്‍റെ ലൈംഗികസ്വതം, ലൈംഗികാവിഷ്കാരം, ലൈംഗികത, ലൈംഗികചായ്‌വ് എന്നിവയെക്കുറിച്ച് വൈദ്യസമൂഹമടക്കമുള്ള വ്യത്യസ്തവേദികളിൽ ബോണി സംസാരിക്കുന്നു.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : ബോണിയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ സിറ്റി സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം . വലത്ത് : പുരുഷൻ എന്ന് ലിംഗത്തിന്‍റെ കോളത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബോണിയുടെ ആധാർ കാർഡ്

സ്ത്രീ-പുരുഷ ശരീരങ്ങൾക്ക് ജന്മനായുള്ള, വൈദ്യശാസ്ത്രപരമോ സാമൂഹികമോ ആയ ലൈംഗികസ്വഭാവങ്ങളില്ലാത്തവരാണ് ദ്വിലിംഗ വ്യക്തികൾ , അഥവാ, ദ്വിലിംഗ വ്യതിയാനങ്ങളുള്ള വ്യക്തികൾ. ഈ വ്യതിയാനങ്ങൾ ആന്തരികമോ ബാഹ്യമോ ആയ പ്രത്യുത്പാദന അവയവങ്ങളിലോ ക്രോമോസമുകളുടേയോ ഹോർമോണുകളുടേയോ രൂപകല്പനയിലുമാവാം. ഇത് ജന്മനാ കാണപ്പെടുന്നതോ ചിലപ്പോൾ ജീവിതത്തിൽ പിന്നീട് പ്രത്യക്ഷപ്പെടുന്നതോ ആയ വ്യതിയാനവുമാകാം. ദ്വിലിംഗ വ്യതിയാനങ്ങളുള്ളവരെ വിശേഷിപ്പിക്കാൻ വൈദ്യശാസ്ത്രകാരന്മാർ ഉപയോഗിക്കുന്ന വാക്ക് ഡി.എസ്.ഡി . എന്നാണ്. ഡിഫറൻസസ് / ഡിസോർഡേഴ്സ് ഓഫ് സെക്സ് ഡെവലപ്മെന്റ്, അഥവാ ലൈംഗികവികാസത്തിൽ വരുന്ന വ്യത്യാസങ്ങളും ക്രമരാഹിത്യവും എന്നതിന്‍റെ ചുരുക്കപ്പേരാണ് ഡി.എസ്.ഡി.

“വൈദ്യസമൂഹത്തിലെ മിക്കവരും, ഡി.എസ്.ഡി. എന്നതിനെ ലൈംഗികവികാസത്തിലെ ക്രമഭംഗമെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നു” എന്ന്, ദില്ലിയിലെ യൂണിവേഴ്സിറ്റി കൊളേജിലെ ഫിസിയോളജി പ്രൊഫസർ ഡോ. സത്യേന്ദ്ര സിംഗ് പറയുന്നു. ദ്വിലിംഗ വിഭാഗക്കാരുടെ ആരോഗ്യത്തെക്കുറിച്ച് നിലനിൽക്കുന്ന അജ്ഞതയും ആശയക്കുഴപ്പവും മൂലം, അത്തരക്കാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

“ജനിക്കുന്ന രണ്ടായിരം കുട്ടികളിൽ ഒരാളെങ്കിലും, പുരുഷ-സ്ത്രീ സ്വഭാവങ്ങളുടെ മിശ്രണം മൂലം, പുരുഷനെന്നോ സ്ത്രീയെന്നോ വ്യക്തമായി നിർവ്വചിക്കാൻ വിദഗ്ദ്ധർക്കുപോലും കഴിയാത്തവണ്ണമുള്ള ലൈംഗികശരീരമുള്ളവരാണെന്ന് മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻഡ് എം‌പവർമെന്റ് 2014-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു.

വസ്തുതകൾ ഇങ്ങനെയായിരുന്നിട്ടുപോലും, ഇന്ത്യയിലെ വൈദ്യശാസ്ത്രസംബന്ധമായ പാഠപുസ്തകങ്ങളിൽ, ഇത്തരക്കാരെ ‘ഹെർ‌മാഫ്രോഡൈറ്റ്, ആംബിഗ്വസ് ജെനിറ്റാലിയ’ (ശിഖണ്ഡി എന്ന് അർത്ഥം വരുന്ന വാക്കുകൾ) തുടങ്ങിയ അനുചിതമായ പദങ്ങളാലും, അവരുടെ ശാരീരിക വ്യതിയാനങ്ങളെ ‘ക്രമഭംഗ’മായും വിശേഷിപ്പിക്കുന്നുണ്ടെന്ന് ഡോ. സിംഗ് സൂചിപ്പിക്കുന്നു. മനുഷ്യാവകാശപ്രവർത്തകനും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആളുമാണ് ഡോ. സിംഗ്.

വനിതകളുടെ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനുശേഷം, കൊൽക്കൊത്തയിലെ സ്പോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) അംഗീകരിച്ച ശാരീരിക പരിശോധനകൾക്ക് വിധേയയാകേണ്ടിവരികയും വനിതകളുടെ ഫുട്ബോൾ ടീമിൽ കളിക്കാൻ വിലക്ക് അനുഭവിക്കേണ്ടിവരികയും ചെയ്തു ബോണിക്ക്.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : ബബ്ലൂസ് നാരങ്ങ പിടിച്ചുനിൽക്കുന്ന ബോണി . പന്ത് തട്ടിക്കളിക്കാൻ തുടങ്ങിയ കാലത്ത് ഫുട്ബോളിന് പകരമായി ബോണി ഉപയോഗിച്ചിരുന്നത് ഇതായിരുന്നു . വലത്ത് : ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിച്ചിരിക്കുന്ന ഷോകേസിന് മുന്നിലിരിക്കുന്ന ബോണി

2014-ലെ ഒരു സുപ്രീം കോടതി വിധി പ്രതീക്ഷ നൽകിയെന്ന് അദ്ദേഹം പറയുന്നു. “അന്തസ്സിനുവേണ്ടിയുള്ള ഒരു വ്യക്തിയുടെ മൌലികാവകാശത്തിന്‍റെ ഹൃദയഭാഗത്താണ് ആ വ്യക്തിയുടെ ലൈംഗികസ്വത്വത്തിനുള്ള അംഗീകാരം കുടികൊള്ളുന്നത്. ഒരു വ്യക്തിയുടെ അസ്തിത്വത്തിന്‍റെ കേന്ദ്രവും, ആ വ്യക്തിയുടെ സ്വത്വത്തിന്‍റെ അവിഭാജ്യഘടകവുമാണ് ലിംഗം. അതിനാൽ, ലിംഗസ്വത്വത്തിന്‍റെ നിയമപരമായ അംഗീകാരമെന്നത്, അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശത്തിന്‍റെ ഭാഗംതന്നെയാണ്”. ഭിന്നലിംഗക്കാരനെന്ന് സ്വയം അടയാളപ്പെടുത്തുന്നവരുടെ നിയമപരമായ അംഗീകാരത്തിനുവേണ്ടി നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റിയും, പൂജ്യ മാതാ നസീബ് കൌർ ജി വിമൻ വെൽ‌ഫെയർ സൊസൈറ്റിയും സമർപ്പിച്ച ഹരജികളിലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്. ഇന്ത്യയിലെ ഭിന്നലിംഗക്കാരുടെ മൌലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും, പുരുഷൻ- സ്ത്രീ എന്ന കേവല യുഗ്മങ്ങൾക്കുപരിയായ ലൈംഗികസ്വത്വത്തിന് ആദ്യമായി നിയമപരമായ അംഗീകാരം നൽകുകയും ലിംഗസ്വത്വത്തെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്നതുമായ ഒരു വിധിയായിരുന്നു അത്.

ആ വിധി ബോണിയുടെ അവസ്ഥയ്ക്കുള്ള അംഗീകാരമായിരുന്നു. “വനിതകളുടെ ടീമിലാണ് ഞാൻ ഉൾപ്പെടുന്നതെന്ന് എനിക്ക് തോന്നി”, ബോണി പറയുന്നു. “പക്ഷേ എന്തുകൊണ്ടാണ് എനിക്ക് കളിക്കാൻ പറ്റാത്തത് എന്ന് എ.ഐ.എഫ്.എഫിനോട് ചോദിച്ചപ്പോൾ, അതിനുകാരണം നിങ്ങളുടെ ശരീരവും ക്രോമോസമുകളുമാണെന്നായിരുന്നു അവരുടെ ഉത്തരം”.

ദ്വിലിംഗ വ്യതിയാനങ്ങളുള്ള കളിക്കാരുടെ ലിംഗപരിശോധനയുടെ പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ തേടി കൊൽക്കൊത്തയിലെ സായ് നേതാജി സുഭാഷ് ഈസ്റ്റേൺ സെന്ററിനും, ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും നിരവധി സന്ദേശങ്ങൾ അയച്ചിട്ടും, അവരിൽനിന്ന് ഈ റിപ്പോർട്ടർക്ക് മറുപടിയൊന്നും ലഭിച്ചില്ല.

***

മാറ്റങ്ങൾ വരുത്തണമെന്ന നിശ്ചയദാർഢ്യവുമായി, 2019 ഏപ്രിലിൽ, ബോണി ഇന്റർസെക്സ് ഹ്യൂമൻ റൈറ്റ്സ് ഇന്ത്യ എന്ന പേരിൽ, ദ്വിലിംഗ വ്യക്തികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും വേണ്ടിയുള്ള ദേശവ്യാപകമായി ശൃംഖലയുള്ള ഒരു സ്ഥാപനത്തിന്‍റെ സ്ഥാപകാംഗമായി. ദ്വിലിംഗ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് വിദഗ്ദ്ധോപപദേശങ്ങൾ നൽകുകയും, അവർ നേരിടുന്ന വെല്ലുവിളികളേയും അവരുടെ ആവശ്യങ്ങളേയും ശ്രദ്ധയിൽക്കൊണ്ടുവരികയും ചെയ്യുന്ന ശൃംഖലയാണ് ഐ.എച്ച്.ആർ.ഐ.

ഐ.എച്ച്.ആർ.ഐ. അംഗങ്ങളിൽ, കുട്ടികളുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ഒരേയൊരു ദ്വിലിംഗ വ്യക്തിയാണ് ബോണി. “പശ്ചിമബംഗാളിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെയും, ശിശുപരിചരണ സ്ഥാപനങ്ങളിലൂടെയും നിരവധി യുവജനങ്ങൾക്ക് സഹായമെത്തിക്കാൻ ബോണിയുടെ സമയോചിതമായ ഇടപെടലുകൾ സഹായിച്ചു. ലൈംഗികവികാസത്തിൽ വ്യതിയാനങ്ങളുള്ളവർക്ക് തങ്ങളുടെ ശരീരത്തെയും ലിംഗ-ലൈംഗികസ്വതത്തെയും മനസ്സിലാക്കാനും അംഗീകരിക്കാനും, അത്തരക്കാർക്ക് ആവശ്യമുള്ളതും സാധ്യവുമായ എല്ലാ പിന്തുണയും നൽകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും ഇതുവഴി ബോണിക്ക് സാധിച്ചു. ഐ.എച്ച്.ആർ.ഐ.യുടെ അനുഭാവിയും അംഗവുമായ പുഷ്പ അചന്ത പറയുന്നു.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : കോച്ച് എന്ന നിലയിലുള്ള സ്തുത്യർഹമായ തന്‍റെ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് 2021- ൽ കുട്ടികളുടെ അവകാശസംരക്ഷത്തിനുവേണ്ടിയുള്ള പശ്ചിമബംഗാൾ കമ്മീഷൻ നൽകിയ പ്രശംസാപത്രം വായിക്കുന്ന ബോണിയും കേട്ടിരിക്കുന്ന സ്വാതിയും ( ഇടത്ത് ). വലത്ത് : സാൾക്ക് ലേക്കിലെ ഫുട്ബോൾ മത്സരത്തിൽ വിജയിച്ച കിഷാലയ ടീമിനെ പരിശീലിപ്പിച്ച ബോണിയെ പ്രശംസിച്ചുകൊണ്ട് 2017 ഒക്ടോബർ 9- ന് എബേലയിൽ വന്ന ലേഖനം

“ചെറുപ്പക്കാരായ അത്‌ലറ്റുകൾക്കിടയിൽ, തങ്ങളുടെ ശാരീരിക സ്വാശ്രയത്തെക്കുറിച്ച് അവബോധം വളർന്നുവരുന്നുണ്ട്. എന്നാൽ, ബോണിക്ക്, അക്കാലത്ത് അത് ലഭിച്ചിരുന്നില്ല”, അത്‌ലറ്റുകളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഡോ. പയോഷ്നി മിത്ര പറയുന്നു. സ്വിറ്റ്സർലണ്ടിലെ ലോസാനിലുള്ള, ഗ്ലോബൽ ഒബ്സർവേറ്ററി ഫോർ വിമൻ, സ്പോർട്ട്, ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് ഫിസിക്കൽ ആക്ടിവിറ്റിയുടെ (സ്ത്രീകൾക്കും, കായികവിനോദത്തിനും, കായികപഠനത്തിനും കായികപ്രവർത്തനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള സംഘടന) സി.ഇ.ഒ. ആയി പ്രവർത്തിക്കുന്ന ഡോ. മിത്ര ഏഷ്യയിലേയും ആഫ്രിക്കയിലേയും വനിതാ അത്‌ലറ്റുകളുമായി വളരെയടുത്ത് പ്രവർത്തിക്കുകയും കായികവിനോദത്തിലെ മനുഷ്യാവകാശലംഘനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്.

“എയർപോർട്ടിൽനിന്ന് തിരിച്ചുവന്നപ്പോൾ പ്രാദേശിക പത്രങ്ങൾ എന്നെ പീഡിപ്പിക്കുകയുണ്ടായി”, ബോണി ഓർത്തെടുക്കുന്നു. “വനിതാ ടീമിൽ ഒരു പുരുഷൻ കളിക്കുന്നു” എന്ന മട്ടിലായിരുന്നു വാർത്തകളുടെ തലക്കെട്ടുകൾ. ഇച്ഛാപുരിലേക്കുള്ള തന്‍റെ വേദനാജനകമായ മടങ്ങിവരവിനെക്കുറിച്ച് ബോണി ഓർക്കുന്നു. “അച്ഛനമ്മമാരും, സഹോദരീസഹോദരന്മാരും ഭയന്നുപോയി. എന്‍റെ രണ്ട് സഹോദരിമാർക്കും അവരുടെ ഭർത്തൃവീട്ടുകാർക്കും അപമാനിക്കപ്പെട്ടതുപോലെ തോന്നി. രാവിലെ വീട്ടിലെത്തിയ എനിക്ക് വൈകീട്ടുതന്നെ അവിടെനിന്ന് ഓടിപ്പോകേണ്ടിവന്നു”.

കൈയ്യിൽ വെറും 2,000 രൂപയുമായിട്ടാണ് ബോണി ഓടിപ്പോയത്. വീട് വിട്ട് പോരുമ്പോൾ ജീൻസ് ധരിച്ചതും, മുടി മുറിച്ച് ചെറുതാക്കിയതും ബോണി ഓർക്കുന്നു. ആരും തന്നെ തിരിച്ചറിയാത്ത ഒരു സ്ഥലമായിരുന്നു അയാൾ അന്വേഷിച്ചത്.

“ദൈവ വിഗ്രഹങ്ങൾ ഉണ്ടാക്കാൻ എനിക്ക് അറിയാമായിരുന്നു. അതിനാൽ, ആ പണി എടുക്കുന്നതിനായി ഞാൻ കൃഷ്ണനഗറിലേക്ക് തിരിച്ചു” പാൽ സമുദായക്കാരനായ ബോണി പറയുന്നു. “ ഞങ്ങൾ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരാണ് . ഇച്ഛാപുരത്തുള്ള അമ്മാവന്‍റെ പണിശാലയിൽ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന പണിയെടുത്താണ് ബോണി വളർന്നത്. അങ്ങിനെയാണ്, വിഗ്രഹങ്ങളുണ്ടാക്കുന്നതിൽ പ്രശസ്തമായ കൃഷ്ണനഗറിലേക്ക് ബോണി എത്തിപ്പെട്ടത്. അരിയും, ചണക്കയറുകളും ഉപയോഗിച്ച് ഒരു വിഗ്രഹം ഉണ്ടാക്കിത്തരാൻ അവർ ആവശ്യപ്പെട്ടു. അതിൽ വിജയിച്ചതോടെ, ബോണിക്ക് ജോലി കിട്ടി. 200 രൂപയായിരുന്നു ദിവസവേതനം. ഒളിവിലെ ജീവിതം അങ്ങിനെ ആരംഭിച്ചു.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : വിഗ്രഹങ്ങളുണ്ടാക്കുന്ന തൊഴിൽ പഠിച്ച ഇച്ഛാപുരത്തെ അമ്മാവന്‍റെ വിഗ്രഹനിർമ്മാണശാലയിൽ ബോണി . വലത്ത് : വൈക്കോലും ചണവും ഉപയോഗിച്ച് നിർമ്മിച്ച ഒരു വിഗ്രഹം . കൃഷ്ണനഗറിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇതുപോലൊന്ന് ഉണ്ടാക്കിക്കാണിക്കാൻ അവർ ആവശ്യപ്പെട്ടു

ഇച്ഛാപുരത്തെ വീട്ടിൽ ബോണിയുടെ അച്ഛനമ്മമാരായ ആധിറും നിവയും മൂത്ത മകൾ ശങ്കരിയുടേയും മകൻ ഭോലയുടേയും കൂടെയായിരുന്നു താമസം. മൂന്ന് വർഷമായി ബോണി ഒറ്റയ്ക്കയിരുന്നു താമസിച്ചിരുന്നത്.വീട്ടിലേക്ക് പോകാൻ തീരുമാനിച്ച ആ തണുപ്പുള്ള പ്രഭാതം ബോണി ഓർക്കുന്നുണ്ട്. “നാട്ടുകാർ വൈകീട്ട് എന്നെ ആക്രമിക്കാൻ വന്നു. ഞാൻ ഓടിരക്ഷപ്പെടുകയായിരുന്നു. ഞാൻ ഓടിപ്പോവുന്നത് കണ്ട് അമ്മ കരഞ്ഞു”.

ശാരീരികമായി സ്വയരക്ഷ തേടേണ്ടിവന്നത് അന്ന് ആദ്യമായിട്ടോ അവസാനമായിട്ടോ ആയിരുന്നില്ല. എങ്കിലും അന്ന് ഒരു പ്രതിജ്ഞയെടുത്തു. “സ്വന്തം കാലിൽ നിൽക്കാമെന്ന് ഞാൻ എല്ലാവരേയും കാണിച്ചുകൊടുക്കും. എന്‍റെ ശരീരത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞാൻ ശരിയാക്കുകയും ചെയ്യും”, ബോണി പറയുന്നു. ശസ്ത്രക്രിയയുടെ സഹായം തേടാൻ ബോണി തീരുമാനിച്ചു.

പ്രത്യുത്പാദന അവയവങ്ങളിൽ ശസ്ത്രക്രിയ ചെയ്യാൻ കഴിവുള്ള ഡോക്ടർമാർക്കായുള്ള അന്വേഷണം ഒടുവിൽ ബോണിയെ, ട്രെയിൻ മാർഗ്ഗം നാല് മണിക്കൂർ സഞ്ചരിച്ചാൽ എത്തുന്ന കൊൽക്കൊത്തയുടെ സമീപത്തുള്ള സാൾട്ട് ലേക്കിലെത്തിച്ചു. “എല്ലാ ശനിയാഴ്ചകളിലും ഡോ. ബി.എൻ. ചക്രവർത്തി 10-ഓ 15-ഓ ഡോക്ടർമാരുടെ കൂടെ ഇരിക്കും. അവരെല്ലാവരും എന്നെ പരിശോധിച്ചു”, ബോണി പറയുന്നു. മാസങ്ങൾ നീണ്ടുനിന്ന നിരവധി പരിശോധനകൾ നടത്തി. “ബംഗ്ലാദേശിൽനിന്നുള്ള മൂന്ന് പേരുടെ ദേഹത്ത് എന്‍റെ ഡോക്ടർ വിജയകരമായ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടായിരുന്നു”. പക്ഷേ ഓരോ ശരീരവും വ്യത്യസ്തമാണെന്ന് ബോണി കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയുമായി മുന്നോട്ട് പോവുന്നതിനുമുൻപ് ഡോക്ടറുമായി നിരവധി തവണം സംസാരിക്കേണ്ടിവരികയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ഏകദേശം 2 ലക്ഷം രൂപ ചിലവ് വരുമെന്നറിഞ്ഞിട്ടും ബോണിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. 2003-ൽ ഹോർമോൺ മാറ്റിവെക്കൽ ചികിത്സ ബോണി ആരംഭിച്ചു, ശരീരത്തിൽ ടെസ്റ്റോസ്റ്റെറോൺ ഉണ്ടാക്കുന്ന ഇഞ്ചെക്ഷനെടുക്കാനുള്ള 250 മില്ലിഗ്രാം ടെസ്റ്റോവൈറോൺ വാങ്ങാൻ മാസം‌തോറും 100 രൂപ ചിലവാക്കി. മരുന്നിനും, ഡോക്ടർക്ക് കൊടുക്കാനും ശസ്ത്രക്രിയയ്ക്ക് നീക്കിവെക്കാനുമായി, കൊൽക്കൊത്തയിലും സമീപപ്രദേശങ്ങളിലും പെയിന്റിംഗ് പോലുള്ള ദിവസക്കൂലിക്കും ബോണി പോയി. വിഗ്രഹങ്ങളുണ്ടാക്കുന്ന ജോലിക്ക് പുറമേയായിരുന്നു ഇത്തരം ജോലികൾ.

പരിചയത്തിലുള്ള ഒരാൾ സൂറത്തിലെ ഒരു ഫാക്ടറിയിൽ വിഗ്രഹങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. അതറിഞ്ഞപ്പോൾ ഞാൻ അവനെ പിന്തുടർന്ന് അങ്ങോട്ട് പോയി”, ബോണി പറയുന്നു. ആഴ്ചയിൽ ആറ് ദിവസം ജോലിയെടുത്ത്, ഗണേശ ചതുർത്ഥിക്കും ജന്മാഷ്ടമിക്കും വേണ്ടി വിഗ്രഹങ്ങൾ നിർമ്മിച്ച് പ്രതിദിനം 1000 രൂപ ബോണി സമ്പാദിച്ചു.

എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിൽ അഘോഷിക്കുന്ന ദുർഗ്ഗാപൂജയ്ക്കും ജഗദ്ധാത്രി പൂജയ്ക്കും ബോണി കൃഷ്ണനഗറിലേക്ക് മടങ്ങിവരാറുണ്ടായിരുന്നു. 2006 വരെ ഈ വിധത്തിൽ കാര്യങ്ങൾ നടന്നു. പിന്നീടാണ് കരാറടിസ്ഥാനത്തിൽ വിഗ്രഹങ്ങളുണ്ടാക്കുന്ന പണി കൃഷ്ണനഗറിൽ ബോണി ആരംഭിച്ചത്. “150-200 അടി ഉയരമുള്ള വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന പണി ഞാൻ സൂറത്തിൽനിന്ന് പഠിച്ചിരുന്നു. അവയ്ക്ക് ഇവിടെ ധാരാളം ആവശ്യക്കാരുണ്ടായിരുന്നു”, അയാൾ കൂട്ടിച്ചേർത്തു. “ഒരാളെ ശമ്പളത്തിന് നിർത്തി. ഓഗസ്റ്റിനും നവംബറിനുമിടയിലെ തിരക്കുള്ള ആഘോഷക്കാലത്ത് ഞങ്ങൾ നല്ല പൈസ സമ്പാദിച്ചു”.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : ബോണിയും സ്വാതിയും . വലത്ത് ബോണി അമ്മ നിവയോടൊപ്പം , ഇച്ഛാപുർ ഗ്രാമത്തിലെ കുടുംബവീട്ടിൽ

ഏതാണ്ട് ഇക്കാലത്താണ് കൃഷ്ണനഗറിലെ ഒരു വിഗ്രഹ പണിക്കാരിയായ സ്വാതി സർക്കാരുമായി ബോണി ഇഷ്ടത്തിലാവുന്നത്. സ്കൂൾ പഠനം ഇടയ്ക്കുവെച്ച് നിർത്തിയ സ്വാതി, അമ്മയോടും നാല് സഹോദരിമാരോടുമൊപ്പം വിഗ്രഹങ്ങൾ അലങ്കരിക്കുന്ന പണിയെടുത്ത് ജീവിക്കുകയായിരുന്നു. സമ്മർദ്ദങ്ങൾ നിറഞ്ഞതായിരുന്നു ബോണിക്ക് അക്കാലം. “എന്നെക്കുറിച്ച് അവളോട് പറയാതിരിക്കാനാവില്ല. എങ്കിലും ശസ്ത്രക്രിയയുടെ വിജയത്തെപ്പറ്റി ഡോക്ടർ ഉറപ്പ് തന്നിരുന്നതുകൊണ്ട് അവളോട് എല്ലാം പറയാൻ ഞാൻ തീരുമാനിച്ചു”.

സ്വാതിയും അമ്മ ദുർഗ്ഗയും നല്ല പിന്തുണ നൽകി. 2006-ൽ ബോണിയുടെ ശസ്ത്രക്രിയയ്ക്ക് സമ്മതപത്രം ഒപ്പിട്ടുനൽകിയതുപോലും സ്വാതിയായിരുന്നു. മൂന്ന് വർഷം കഴിഞ്ഞ്, 2009, ജൂലായ് 29-ന് അവരിരുവരും വിവാഹിതരായി.

അമ്മ ബോണിയോട് ആ രാത്രി പറഞ്ഞത് സ്വാതിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. “നിന്‍റെ ശരീരത്തിന്‍റെ പ്രശ്നമൊക്കെ എന്‍റെ മകൾ മനസ്സിലാക്കി. എന്നിട്ടും നിന്നെ വിവാഹം കഴിക്കാനാണ് അവളുടെ തീരുമാനം. പിന്നെ ഞാനെന്ത് പറയാനാണ്. നീ അവളുടെ കൂടെ എപ്പോഴും ഉണ്ടാവണം. അവളുടെ കൂടെ കഴിയണം”.

***

കുടിയിറങ്ങിക്കൊണ്ടാണ് ബോണിയും സ്വാതിയും ജീവിതം തുടങ്ങിയത്. കൃഷ്ണനഗറിലെ ആളുകൾ അവരെക്കുറിച്ച് അസുഖകരങ്ങളായ കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ, തങ്ങളെ ആരും തിരിച്ചറിയാത്ത, 500 കിലോമീറ്റർ വടക്കുള്ള ഡാർജിലിങ്ങിലെ മാടിഗാരയിലേക്ക് അവർ താമസം മാറ്റി. അവിടെയുള്ള ഏറ്റവുമടുത്ത ഒരു വിഗ്രഹനിർമ്മാണശാലയിൽ ജോലി തേടി. “അവർ എന്‍റെ ജോലി കണ്ട്, ദിവസം 600 രൂപ ശമ്പളത്തിന് സമ്മതിച്ചു”, ബോണി പറഞ്ഞു. “മാടിഗാരയിലെ ആളുകൾ എനിക്ക് ധാരാളം സ്നേഹം തന്നു” ബോണി ഓർക്കുന്നു. അവർ അവനെ തങ്ങളിലൊരാളായി കാണുകയും വൈകുന്നേരങ്ങളിൽ ചായക്കടകളിൽ ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്തു.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : ബോണി , ഇച്ഛാപുരിലെ ഒരു ചായക്കടയിൽ . വലത്ത് : സ്ഥലത്തെ ഒരു കച്ചവടക്കാരനായ പുഷ്പനാഥ ദേവ്നാഥ് എന്ന തടിക്കച്ചവടക്കാരന്‍റെയും ( ഇടത്ത് ) ഇളനീർവെള്ളം വിൽക്കുന്ന ഗോരംഗ് മിശ്രയുടേയും ( വലത്ത് ) കൂടെ

എന്നാൽ, തന്‍റെ കുടുംബം തന്നെ സ്വീകരിക്കാൻ തയ്യാറാവാതിരുന്നതിനാൽ ആ ദമ്പതികൾക്ക് ഇച്ഛാപുരിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ല. ബോണിയുടെ അച്ഛൻ മരിച്ചപ്പോൾപ്പോലും, അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അവനെ അനുവദിച്ചില്ല. “കായികതാരങ്ങൾ മാത്രമല്ല, എന്നെപ്പോലെയുള്ള നിരവധി പേർ, സമൂഹത്തെ പേടിച്ച് വീട്ടിൽനിന്നിറങ്ങാതെ കഴിയുന്നുണ്ട്”, ബോണി പറയുന്നു.

2016-ൽ കൊൽക്കൊത്ത അന്തർദ്ദേശീയ ചലച്ചിത്രമേളയിൽ, ബോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഞാൻ , ബോണി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടതോടെ, തങ്ങളുടെ പോരാട്ടങ്ങൾ അംഗീകരിക്കപ്പെട്ടു എന്ന് ആ ദമ്പതിമാർക്ക് തോന്നി. അധികം താമസിയാതെ, കിഷാലയ ചിൽഡ്രൻസ് ഹോമിൽ ഫുട്ബോൾ കോച്ചായി ബോണിക്ക് ജോലി ലഭിച്ചു. ബാലാവകാശങ്ങൾക്കായുള്ള പശ്ചിമബംഗാൾ കമ്മീഷൻ (വെസ്റ്റ് ബംഗാൾ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് - WBCPCR). ബരാസാത് പട്ടണത്തിൽ കുട്ടികൾക്കുവേണ്ടി നടത്തുന്ന ഒരു സംരക്ഷണകേന്ദ്രമാണ് കിഷാലയ ചിൽഡ്രൻസ് ഹോം. “കുട്ടികൾക്ക് ഒരു പ്രചോദനമാവും ബോണി എന്ന് ഞങ്ങൾക്ക് തോന്നി”, കമ്മീഷന്‍റെ അദ്ധ്യക്ഷ അനന്യ ചക്രബർത്തി ചാറ്റർജി പറയുന്നു.“അയാളെ നിയമിക്കുമ്പോൾ ഞങ്ങൾക്ക് അറിയാമായിരുന്നു, സംസ്ഥാനത്തിനുവേണ്ടി ധാരാളം അവാർഡുകൾ വാങ്ങിയ ആളാണെന്ന്. പക്ഷേ തൊഴിൽ‌രഹിതനായിരുന്നു ബോണി. അതിനാൽ, എത്ര നല്ലൊരു കായികപ്രേമിയാണ് അയാൾ എന്ന് ഞങ്ങളെ സ്വയം ഓർമ്മിപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് തോന്നി”, അവർ കൂട്ടിച്ചേർത്തു.

2017 ഏപ്രിൽ മുതൽ അവിടെ കോച്ചായി ബോണി ജോലിയെടുക്കുന്നു. അതിനുപുറമേ, പെയിന്റിംഗിന്‍റെയും ശില്പനിർമ്മാണത്തിന്റേയും ഉപദേശകനുമാണ് അയാൾ. കുട്ടികളോട് തന്‍റെ സ്വത്വത്തെക്കുറിച്ച് അയാൾ തുറന്ന് സംസാരിക്കുന്നു. പലരുടേയും അത്താണിയുമാണ് അയാൾ. എങ്കിലും തന്‍റെ ഭാവിയെക്കുറിച്ചോർത്ത് ആശങ്കപ്പെടുകയും ചെയ്യുന്നു ബോണി. “സ്ഥിരമായ ഒരു ജോലിയില്ല. ജോലിക്ക് വിളിക്കുന്ന ദിവസങ്ങളിൽ മാത്രമാണ് ശമ്പളം കിട്ടുക” അയാൾ പറയുന്നു. സാധാരണയായി, മാസന്തോറും 14,000 രൂപയോളം സമ്പാദിക്കാറുണ്ടെങ്കിലും 2020-ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ, നാലുമാസത്തോളം ഒരു വരുമാനവുമുണ്ടായിരുന്നില്ല ബോണിക്ക്.

ഇച്ഛാപുരിലെ അമ്മയുടെ വീടിന്‍റെ ഏതാനുമടി അകലെയായി ഒരു വീട് പണിയാൻ, അഞ്ചുവർഷത്തെ ഒരു വായ്പ ബോണി എടുത്തിരുന്നു. അമ്മവീട്ടിൽ, സ്വാതിയോടും, തന്‍റെ അമ്മയും, സഹോദരനും സഹോദരിക്കുമൊപ്പം അയാൾ താമസിക്കുന്നു. ഈ വീട്ടിൽനിന്നാണ് ജീവിതത്തിന്‍റെ വലിയൊരു ഭാഗം അയാൾക്ക് പലായനം ചെയ്യേണ്ടിവന്നത്. ഫുട്ബോളർ എന്ന നിലയ്ക്കുള്ള അയാളുടെ വരുമാനം ഈ വീടിനായി അയാൾ ചിലവഴിച്ചു. അതിൽ അയാൾക്കും സ്വാതിക്കും ഒരു ചെറിയ മുറിയുണ്ട്. വീട്ടുകാർ മുഴുവനായി ഇപ്പോഴും അയാളെ അംഗീകരിച്ചിട്ടില്ല. മുറിക്ക് പുറത്ത്, ഒരു ചെറിയ സ്ഥലത്ത് ഗ്യാസടുപ്പിൽ അവർ അവരുടെ ഭക്ഷണം ഉണ്ടാക്കുന്നു.

PHOTO • Riya Behl
PHOTO • Riya Behl

ഇടത്ത് : ഇച്ഛാപുരിലെ പണി തീരാത്ത വീടിന്‍റെ മുൻപിൽ ബോണിയും സ്വാതിയും . വലത്ത് : പണി കഴിയുമ്പോൾ , തന്‍റെ ട്രോഫികളും മറ്റും പ്രദർശിപ്പിച്ചുവെച്ച അലമാര തങ്ങളുടെ ചെറിയ കിടപ്പുമുറിയിൽനിന്ന് പുതിയ വീട്ടിലേക്ക് സ്ഥായിയായി മാറ്റാൻ കഴിയുമെന്ന് ആ ദമ്പതികൾ പ്രതീക്ഷിക്കുന്നു

തന്നെക്കുറിച്ചുള്ള സിനിമയുടെ അവകാശങ്ങൾ വിറ്റുകൊണ്ട്, വീട് പണിയാൻ വാങ്ങിയ 345,000-ത്തിന്‍റെ ചെറുകിട വായ്പ തിരിച്ചടയ്ക്കാൻ കഴിയുമെന്നായിരുന്നു ബോണിയുടെ പ്രതീക്ഷ. എന്നാൽ, മുംബൈയിലെ സിനിമാ നിർമ്മാതാവിന് സിനിമ പുറത്തിറക്കാൻ കഴിയാത്തതിനാൽ, ആ കടം ഇപ്പോഴും വീട്ടാനാവാതെ കിടക്കുന്നു.

സർട്ടിഫിക്കറ്റുകളും ട്രോഫികളും നിറഞ്ഞിരിക്കുന്ന ഷോകേസിന് മുന്നിലിരുന്നുകൊണ്ട്, ദ്വിലിംഗ വ്യക്തി എന്ന നിലയ്ക്കുള്ള തന്‍റെ ജീവിതത്തെക്കുറിച്ച് ബോണി ഓർത്തെടുക്കുന്നു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ജീവിതത്തിനിടയിലും, അയാളും സ്വാതിയും എല്ലാ പത്രവാർത്തകളും ചിത്രങ്ങളും സ്മരണികകളും ഒരു വലിയ ചുവന്ന പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നു. ഷോകേസിന് മുകളിലാണ് ഇപ്പോൾ അതുള്ളത്. രണ്ടുവർഷം മുൻപ് പണി തുടങ്ങിയ പുതിയ വീട്ടിൽ അവയ്ക്ക് സ്ഥിരമായ ഒരു സ്ഥലം ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

ഇപ്പോഴും ചിലപ്പോൾ ഓഗസ്റ്റ് 15-ന് ക്ലബ്ബുകളുമായുള്ള സൌഹൃദമത്സരങ്ങളിൽ ഞാൻ കളിക്കാറുണ്ട്. പക്ഷേ ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ എനിക്കൊരിക്കലും അവസരം കിട്ടിയില്ല”, ബോണി പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Riya Behl is Senior Assistant Editor at People’s Archive of Rural India (PARI). As a multimedia journalist, she writes on gender and education. Riya also works closely with students who report for PARI, and with educators to bring PARI stories into the classroom.

Other stories by Riya Behl
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat